വിജയ് ഹസാരെ ട്രോഫി: കേരളം പ്രീ ക്വാർട്ടറിൽ
Wednesday, November 23, 2022 4:23 PM IST
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ടൂർണമെന്റ് എലീറ്റ് ഗ്രൂപ്പ് സിയിൽ തമിഴ്നാടിനെതിരായ കേരളത്തിന്റെ പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. മത്സരം ഉപേക്ഷിച്ചതോടെ ലഭിച്ച രണ്ട് പോയിന്റുകൾ ഉൾപ്പടെ 24 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള തമിഴ്നാട് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. 20 പോയിന്റുള്ള രണ്ടാം സ്ഥാനത്തുള്ള കേരളം പ്രീ ക്വാർട്ടർ യോഗ്യത നേടി.
നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം 287 റൺസ് നേടി. മഴ തടസപ്പെടുത്തിയതോടെ വിജയലക്ഷ്യം 276 റൺസായി പുനർനിശ്ചയിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ തമിഴ്നാട് ഏഴ് ഓവറിൽ 43-1 എന്ന സ്കോറിൽ നിൽക്കെയാണ് വീണ്ടും മഴയെത്തി മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.
വത്സൽ ഗോവിന്ദ്(95*) നയിച്ച ബാറ്റിംഗ് നിരയാണ് കേരളത്തെ മികച്ച സ്കോറിലെത്തിച്ചത്. വിഷ്ണു വിനോദ്(45), അബ്ദുൾ ബാസിത്ത്(41), രോഹൻ കുന്നുമ്മൽ(39) എന്നിവർ മികച്ച പിന്തുണ നൽകി. മലയാളി താരം സന്ദീപ് വാര്യർ, എം. മുഹമ്മദ്, സോനു യാദവ് എന്നിവർ തമിഴ്നാടിനായി രണ്ട് വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിൽ ഓപ്പണർ സായ് സുദർശനെ(5) നേരത്തെ നഷ്ടമായെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഇരട്ട സെഞ്ചുറി നേടി റിക്കാർഡുകൾ വാരിക്കൂട്ടിയ എൻ. ജഗദീശൻ(23) സ്കോറിംഗ് വേഗത്തിലാക്കി. ഏഴാം ഓവർ തുടങ്ങും മുന്പ് മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.