സി. വി. ആനന്ദബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റു
Wednesday, November 23, 2022 12:39 PM IST
കോൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണറായി മലയാളിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി.വി. ആനന്ദബോസ് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കോൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രകാശ് ശ്രിവാസ്തവ അദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രി മമത ബാനർജി, സ്പീക്കർ ബിമൻ ബന്ദോപാധ്യായ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വിട്ടുനിന്നു.
നവംബർ ഏഴിനാണ് ആനന്ദബോസിനെ ബംഗാൾ ഗവർണറായി നിയമിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്. മമത ബാനർജിയുമായി നിരന്തര പോരാട്ടത്തിൽ ഏർപ്പെട്ടിരുന്ന മുൻ ഗവർണർ ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മണിപ്പൂർ ഗവർണർ എൽ. ഗണേഷൻ ബംഗാൾ രാജ്ഭവന്റെ അധിക ചുമതല നിർവഹിച്ച് വരികയായിരുന്നു.
1977 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദബോസ്, 2011-ൽ സേവനകാലാവധി അവസാനിക്കുന്നതിനുമുന്പ് കോൽക്കത്ത നാഷണൽ മ്യൂസിയത്തിലെ അഡിമിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.