നിയമന വിവാദം: ഹൈക്കോടതി വിധി ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് എം.വി. ജയരാജൻ
Thursday, November 17, 2022 6:04 PM IST
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസറായ പ്രിയ വര്‍ഗീസിന്റെ യോഗ്യത പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഹൈക്കോടതി വിധി ചില പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അധ്യാപകർ ജോലിയുടെ ഭാഗമായി ഡെപ്യൂട്ടേഷനിൽ പോകാറുണ്ട്. അത് അക്കാദമിക്ക് ഡെപ്യൂട്ടേഷനും നോൺ അക്കാദമിക്ക് ഡെപ്യൂട്ടേഷനും ഉണ്ട്. അക്കാദമിക്ക് ഡെപ്യൂട്ടേഷൻ അധ്യാപന കാലമായി പരിഗണിച്ചില്ലെങ്കിൽ ഒരു പാട് അധ്യാപകർക്ക് തിരിച്ചടിയാകുമെന്നും ജയരാജൻ പറഞ്ഞു.
അക്കാദമിക് ഡെപ്യൂട്ടേഷന്റെ ഭാഗമായാണ് പിഎച്ച്ഡി എടുക്കുന്നത്. ആ കാലം സർവീസ് ആയി പരിഗണിക്കില്ലെന്ന് പറയുന്നത് ദൂര വ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വിധി സ്ത്രീ സമൂഹത്തിന് വെല്ലുവിളിയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ യോഗ്യതയ്ക്ക് പ്രിയാ വർഗീസിന് മതിയായ യോഗ്യതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ.
ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സ്റ്റുഡന്റ് ഡയറക്ടര്‍ പദവിയും എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവിയും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
യുജിസിയുടെ മാനദണ്ഡങ്ങള്‍ക്കപ്പുറം പോകാന്‍ കോടതിക്ക് കഴിയില്ലെന്നും യുജിസി റെഗുലേഷന് ആണ് പ്രധാനമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് വേണ്ടത് എട്ട് വര്‍ഷത്തെ അധ്യാപന പരിചയമാണ്. അതിനാൽ പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഗവേഷണകാലഘട്ടവും അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.