അവിശ്വസനീയ പോരാട്ടം; തിരിച്ചടിയായത് അഫ്രീദിയുടെ പരിക്കെന്ന് ബാബർ അസം
Monday, November 14, 2022 6:20 AM IST
മെല്‍ബണ്‍: ട്വന്റി-20 ലോകകപ്പ് ഫൈനലിലെ തങ്ങളുടെ പരാജയത്തിന് പ്രധാന കാരണമായത് ഷഹീന് അഫ്രീദിയുടെ പരിക്കെന്ന് പാക്കിസ്ഥാൻ നായകൻ ബാബർ അസം. മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബാബർ അസം ഇക്കാര്യം പറഞ്ഞത്.
പാക്കിസ്ഥാൻ ബാറ്റർമാർ 20 റൺസ് കൂടി നേടണമായിരുന്നു. ചെറിയ സ്കോറാണ് പ്രതിരോധിക്കേണ്ടത് എങ്കിലും ബൗളർമാരുടെ പോരാട്ടം അവിശ്വസനീയമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ നിർണായക സമയത്ത് അഫ്രീദിക്ക് പരിക്കേറ്റത് തിരിച്ചടിയായെന്നും അസം പറഞ്ഞു.
ഇംഗ്ലണ്ടിന് ജയിക്കാൻ 29 പന്തിൽ 41 റൺസ് വേണം എന്ന നിലയിൽ പരുങ്ങിയപ്പോൾ ആണ് അഫ്രീദി ഒരു പന്തെറിഞ്ഞ ശേഷം ഓവർ പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടത്. പകരമെത്തിയ ഇഫ്തിഖര്‍ അഹമ്മദിന്റെ അഞ്ച് പന്തില്‍ 13 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. പിന്നാലെ പാക്കിസ്ഥാൻ മത്സരം കൈവിടുകയും ചെയ്തു.
പാക്കിസ്ഥാൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ആറ് പന്ത് ബാക്കി നിൽക്കെ വിജയം സ്വന്തമാക്കിയത്. അവസാന ഓവറുകളിൽ ബൗണ്ടറികൾ കണ്ടെത്തിയ ബെൻ സ്റ്റോക്സാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.