രാജീവ് ഗാന്ധി വധക്കേസ്: പ്രതികൾ ഇന്ന് മോചിതരാകുമെന്ന് സൂചന
Saturday, November 12, 2022 10:52 AM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതികൾ ഇന്ന് ജയിൽ മോചിതരാകുമെന്ന് സൂചന. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പകർപ്പും സർക്കാരിന്റെ നിർദേശങ്ങളും ലഭിച്ചാൽ ഉടനടി പ്രതികളെ മോചിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നീ പ്രതികൾ തമിഴ്നാട്ടിലെ വെല്ലൂർ, പുഴൽ സെൻട്രൽ ജയിലുകളിലാണ് കഴിയുന്നത്. നളിനി, രവിചന്ദ്രൻ എന്നിവർ നിലവിൽ പരോളിലാണ്.
ഇന്ത്യൻ പൗരന്മാരായ നളിനി, രവിചന്ദ്രൻ എന്നിവർക്കെതിരെ മറ്റ് കേസുകളൊന്നും നിലവിലില്ലെങ്കിൽ ശിക്ഷാ കാലാവധി കഴിഞ്ഞെന്ന് രേഖപ്പെടുത്തി മോചിപ്പിക്കും. രാജ്യാന്തര നിയമങ്ങൾ കൂടി പരിഗണിച്ച ശേഷമായിരിക്കും ശ്രീലങ്കൻ പൗരന്മാരായ മറ്റ് പ്രതികളുടെ മോചനത്തിൽ സർക്കാർ തീരുമാനമെടുക്കുക.