ജി-20 ലോഗോയിൽ ബിജെപി ചിഹ്നം; വിമർശിച്ച് കോൺഗ്രസ്
Wednesday, November 9, 2022 4:30 PM IST
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ജി-20 ഉച്ചകോടിയുടെ ലോഗോയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉൾപ്പെടുത്തിയ നടപടിയെ വിമർശിച്ച് കോൺഗ്രസ്.
താമര ചിഹ്നം ലോഗോയിൽ ഉൾപ്പെടുത്താനുള്ള നീക്കം ഞെട്ടിച്ചെന്നും പാർട്ടി പ്രചരണത്തിനായി നാണമില്ലാതെ ഏത് വേദിയും ബിജെപി ഉപയോഗിക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് പ്രതികരിച്ചു. കോൺഗ്രസ് പതാക ദേശീയ പതാകയായി നിശ്ചയിക്കണമെന്ന നിർദേശം തള്ളിയ ജവഹർലാൽ നെഹ്റുവിന്റെ തീരുമാനം രമേഷ് ബിജെപിയെ ഓർമപ്പെടുത്തി.
ചൊവ്വാഴ്ചയാണ് ജി-20 ഉച്ചകോടിയുടെ ലോഗോ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. ലോഗോയിലുൾപ്പെടുത്തിയ ദേശീയ പതാകയുടെ നിറങ്ങൾ രാജ്യത്തിന്റെ വൈവിധ്യം സൂചിപ്പിക്കുന്നതായും താമര ചിഹ്നം പ്രതിസന്ധികളിലും വളരുന്ന രാജ്യത്തെ ചൂണ്ടിക്കാട്ടുന്നുവെന്നുമാണ് അധികൃതർ അറിയിച്ചത്.