ലോംഗ് മാർച്ച് തുടരാൻ ഇമ്രാൻ ഖാൻ
Tuesday, November 8, 2022 11:24 AM IST
ഇസ്ലാമാബാദ്: കൊലപാതക ശ്രമത്തെത്തുടർന്ന് നിർത്തിവച്ച ലോംഗ് മാർച്ച് പുനഃരാരംഭിക്കാൻ തീരുമാനിച്ച് പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ്(പിടിഐ) നേതാവ് ഇമ്രാൻ ഖാൻ.
വസീറാബാദ് മേഖലയിൽ ഖാന് വെടിയേറ്റ അതേ സ്ഥലത്ത് നിന്ന് വ്യാഴാഴ്ച യാത്ര വീണ്ടും ആരംഭിക്കുമെന്ന് പിടിഐ അറിയിച്ചു. കാലിന് വെടിയേറ്റ് ചികിത്സയിൽ തുടരുന്ന ഖാൻ യാത്രയിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ അറിയിച്ചത്.
സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിച്ച് ഒക്ടോബർ 28-ന് ലാഹോറിൽ നിന്നാരംഭിച്ച യാത്ര നവംബർ11-ന് ഇസ്ലാമാബാദിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നവംബർ മൂന്നിനുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് യാത്രയുടെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു.