മാക്സ്വെൽ ഓസ്ട്രേലിയയുടെ ട്വന്റി-20 നായകനാകണം: പോണ്ടിംഗ്
Tuesday, November 8, 2022 10:31 AM IST
സിഡ്നി: ഗ്ലെൻ മാക്സ്വെല്ലിനെ ഓസ്ട്രേലിയയുടെ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യവുമായി മുൻ താരം റിക്കി പോണ്ടിംഗ്. ആരോൺ ഫിഞ്ച് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയോ ഫോര്‍മാറ്റിൽ നിന്ന് വിരമിക്കുകയോ ചെയ്താൽ ക്യാപ്റ്റനായി മാക്സ്വെൽ എത്തണമെന്നാണ് പോണ്ടിംഗ് അഭിപ്രായപ്പെടുന്നത്.
ഐപിഎലിലും ബിഗ് ബാഷിലും ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്തിട്ടുള്ള മാക്സ്വെല്ലിന് ഓസ്ട്രേലിയയുടെ ട്വന്റി-20 ക്യാപ്റ്റനാകാൻ കഴിയും. ട്വന്റി-20 ലോകകപ്പ് സെമി കാണാതെ ഓസ്ട്രേലിയ പുറത്തായതോടെ നേതൃത്വത്തിൽ ഒരു മാറ്റം വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സിന് ട്വന്റി-20 ക്യാപ്റ്റൻസി കൂടി ഏൽപ്പിച്ചാൽ അധികഭാരം ആകുമെന്നും പോണ്ടിംഗ് സൂചിപ്പിച്ചു.