ഇമ്രാൻ ഖാനെതിരെ നടപടി ആവശ്യപ്പെട്ട് പാക് സൈന്യം
Saturday, November 5, 2022 12:04 PM IST
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, തനിക്ക് നേരെയുണ്ടായ വധശ്രമത്തിൽ ഒരു മേജർ ജനറലിന് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് പാക് സൈന്യം. മുതിർന്ന സൈനിക ഉദ്യോഗസ്ഥനെ അവഹേളിക്കാൻ വ്യാജ ആരോപണം ഉയർത്തിയ ഖാനെതിരെ നിയമ നടപടി എടുക്കണമെന്നാണ് പാക് സർക്കാരിനോട് സൈന്യം അഭ്യർഥിച്ചത്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെറീഫ്, ആഭ്യന്തര മന്ത്രി റാണാ സനാവുള്ള, മേജർ ജനറൽ ഫൈസൽ നസീർ എന്നിവരാണ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന ഖാന്റെ പ്രസ്താവനയാണ് സൈന്യത്തെ ചൊടിപ്പിച്ചത്.
ആരോപണങ്ങൾ തികഞ്ഞ അസംബന്ധവും അനാവശ്യവുമാണെന്ന് പറഞ്ഞ സൈന്യം, തങ്ങൾ തികഞ്ഞ അച്ചടക്കത്തോടും പ്രഫഷനലിസത്തോടും ജോലി ചെയ്യുന്നവരാണെന്ന് പ്രസ്താവിച്ചു. ഉദ്യോഗസ്ഥർ അച്ചടക്കലംഘനം നടത്തിയാൽ അതിനെതിരെ നടപടിയെടുക്കാൻ ശക്തമായ സംവിധാനം നിലവിലുണ്ടെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചത് തികച്ചും അപലപനീയമാണെന്നും പറഞ്ഞു.