ഇമ്രാൻ ഖാന് മുറിവേറ്റത് "റിക്കഷെ ഇഫക്ട്' മൂലമെന്ന് സൂചന
Friday, November 4, 2022 4:50 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെയുണ്ടായ കൊലപാതക ശ്രമത്തിൽ "റിക്കഷെ ഇഫക്ടി'ന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്ന അഭിപ്രായവുമായി ബാലിസ്റ്റിക് വിദഗ്ധർ. ഖാന് നേരിട്ട് വെടിയേറ്റില്ലെന്നും വെടിയുണ്ടയുടെ ചീളുകളാണ് ചിതറി തെറിച്ച് കാലിലെ പേശിയിൽ തറച്ചതെന്നുമാണ് ഇവർ അഭിപ്രായപ്പെടുന്നത്.
വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തു കാഠിന്യമേറിയ ഏതെങ്കിലും പ്രതലവുമായി കൂട്ടിമുട്ടുന്പോൾ ഉണ്ടാകുന്ന സ്വഭാവിക ദിശാമാറ്റത്തെ സൂചിപ്പിക്കുന്ന പ്രയോഗമാണ് റിക്കഷെ ഇഫക്ട്. വിദഗ്ധ ആയുധ പരിശീലനം ലഭിച്ചവർ വെടിയുണ്ട ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സമീപത്തുള്ള മറ്റേതെങ്കിലും വസ്തുവിലേക്ക് മനഃപൂർവം ഉന്നം വയ്ക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഖാന് നേരെയുണ്ടായ ആക്രമണത്തിൽ റിക്കഷെ ഇഫക്ട് ബോധപൂർവം ഉപയോഗിച്ചതല്ലെന്നും അക്രമിക്ക് ലക്ഷ്യം തെറ്റിയതാണെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
അക്രമി ഉപയോഗിച്ച 9 എംഎം വെടിയുണ്ട ഖാൻ സഞ്ചരിച്ചിരുന്ന ട്രക്കിൽ തട്ടി ചീളുകളായി ചിതറി തെറിക്കുകയും ചെയ്തതായും ഈ കഷണങ്ങളാണ് അദേഹത്തിന്റെ ശരീരത്തിൽ പ്രവേശിച്ചതെന്നും സൂചനയുണ്ട്. ട്രക്കിന്റെ ഭാഗങ്ങളും ഖാന്റെ ശരീരത്തിൽ തറച്ചു കയറിയിട്ടുണ്ട്.
റിക്കഷെ ഇഫക്ട് വാദത്തിന് ഔദ്യാഗിക സ്ഥിരീകരണമൊന്നും ലഭ്യമായിട്ടില്ല. എന്നാൽ ഖാന്റെ മുൻ ആരോഗ്യ സംഘത്തിലെ അംഗമായിരുന്ന ഫൈസൽ സുൽത്താൻ ആക്രമണത്തിന് ശേഷമുള്ള ഖാന്റെ കാലിലെ മുറിവിന്റെ ദൃശ്യങ്ങളും ആശുപത്രിയിൽ നിന്ന് ലഭിച്ച ആരോഗ്യ റിപ്പോർട്ടുകളും ചൂണ്ടിക്കാട്ടി ഈ വാദം ശരിയാണെന്ന പ്രസ്താവന നടത്തിയിട്ടുണ്ട്.