"ഇമ്രാനെ കൊല്ലാൻ ശ്രമിച്ചത് ഉന്നതരുടെ സംഘം'
Friday, November 4, 2022 11:11 AM IST
ഇസ്ലാമാബാദ്: തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചത് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെറീഫ് ഉൾപ്പെടുന്ന ഉന്നതരുടെ സംഘമാണെന്ന ഗുരുതരമായ ആരോപണമുയർത്തി ഇമ്രാൻ ഖാൻ.
ഖാന്റെ അടുത്ത അനുയായിയായ ആസാദ് ഉമറാണ് ഇക്കാര്യം പരസ്യമാക്കിയത്. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിൽ തന്നെ കൊല്ലാൻ ശ്രമിച്ച മൂന്ന് പേരെ പറ്റിയുള്ള വിവരം രാജ്യത്തെ അറിയിക്കാൻ ഖാൻ ചുമതലപ്പെടുത്തിയതായി ഉമർ അവകാശപ്പെട്ടു.
പ്രധാനമന്ത്രി ഷറീഫിന് പുറമെ ആഭ്യന്തര മന്ത്രി റാണാ സനാവുള്ള, മേജർ ജനറൽ ഫൈസൽ നസീർ എന്നിവരാണ് ആക്രമണത്തിന് പിന്നില്ലെന്ന് ഖാൻ പറഞ്ഞതായി ഉമർ പ്രസ്താവിച്ചു. മൂവരെയും അധികാര സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ ഉമർ, ഗൂഢാലോചന തെളിയിക്കാനുള്ള തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച പാക് പഞ്ചാബ് പ്രവിശ്യയിൽ വച്ച് മുൻ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇൻസാഫ് നേതാവുമായ ഖാന് നേരെ നടന്ന വെടിവയ്പ്പ് ആസൂത്രിതമായ കൊലപാതകശ്രമമാണെന്ന ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ പ്രസ്താവന പുറത്തുവന്നത്.
സംഭവം വിവാദമായതോടെ ഉമർ വെളിപ്പെടുത്തൽ നടത്തുന്ന വീഡിയോ ടിവി ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്നത് പാക്കിസ്ഥാൻ ഇലക്ട്രോണിക് ആൻഡ് മീഡിയ റെഗുലേറ്ററി അഥോറിറ്റി വിലക്കി.