ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ; സെമി പ്രതീക്ഷ
Wednesday, November 2, 2022 6:19 PM IST
അഡ്ലെയ്ഡ്: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം ജയം. അയൽക്കാരായ ബംഗ്ലാദേശിനെ ഡക്ക്വർത്ത്-ലൂയിസ് നിയമപ്രകാരം അഞ്ച് റൺസിന് മറികടന്നാണ് ഇന്ത്യ ജയം നേടിയത്. ജയത്തോടെ പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന ഇന്ത്യ സെമിഫൈനൽ പ്രതീക്ഷ സജീവമാക്കി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 184 റൺസ് നേടി. ബംഗ്ലാദേശിന്റെ ബാറ്റിംഗിനിടെ മഴ എത്തിയതോടെ വിജയലക്ഷ്യം 16 ഓവറിൽ 151 എന്നതായി പുനർനിശ്ചയിച്ചു. ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടാനെ ബംഗ്ലാദേശിനായുള്ളു.
ക്യാപ്റ്റൻ രോഹിത് ശർമയെ (2) തുടക്കത്തിലെ നഷ്ടമായ ഇന്ത്യയ്ക്ക് വിരാട് കോഹ്ലി (പുറത്താകാതെ 64), കെ.എൽ.രാഹുൽ (50) എന്നിവരുടെ അർധ സെഞ്ചുറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്. കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച്.
ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന രാഹുലിന്റെ ഇന്നിംഗ്സ് ഇന്ത്യയ്ക്ക് ആശ്വാസമായി. 16 പന്തിൽ 30 റൺസ് നേടിയ സൂര്യകുമാർ യാദവും തിളങ്ങി. ബംഗ്ലാദേശിനായി ഹസൻ മഹമൂദ് മൂന്നും സാക്കിബ് അൽ ഹസൻ രണ്ടും വിക്കറ്റുകൾ നേടി.
27 പന്തിൽ 60 റൺസ് നേടിയ ഓപ്പണർ ലിറ്റൺ ദാസ് ബംഗ്ലാദേശിന് മിന്നുന്ന തുടക്കം നൽകിയെങ്കിലും ഇടയ്ക്ക് മഴയെത്തിയത് തിരിച്ചടിയായി. മഴ ഇടവേളയ്ക്ക് ശേഷം കളത്തിലിറങ്ങിയതിന് പിന്നാലെ മനോഹരമായ ത്രോയിൽ ദാസിനെ റൺഔട്ടാക്കി രാഹുലാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്.
പിന്നാലെ തുടരെ ബംഗ്ലാദേശ് വിക്കറ്റുകൾ കൊഴിഞ്ഞു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിക്കറ്റ് കീപ്പർ ബാറ്റർ നൂറുൽ ഹസൻ പ്രതീക്ഷ ഉണർത്തിയെങ്കിലും വിജയം നേടാനായില്ല. ഹസൻ 14 പന്തിൽ 25 റൺസ് നേടി.