അയർലൻഡിനെ വീഴ്ത്തി; ഓസീസിന് രണ്ടാം ജയം
Monday, October 31, 2022 5:14 PM IST
ബ്രിസ്ബെയ്ൻ: ട്വന്റി-20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് രണ്ടാം ജയം. അയർലൻഡിനെ 42 റണ്‍സിന് വീഴ്ത്തിയാണ് മഞ്ഞപ്പട ജയമാഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ച് വിക്കറ്റിന് 179 റണ്‍സ് സ്കോർ ചെയ്തു. അയർലൻഡിന്റെ പോരാട്ടം 18.1 ഓവറിൽ 137 റണ്‍സിൽ ഒതുങ്ങി.
ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് നേടിയ അർധ സെഞ്ചുറിയാണ് ഓസീസ് ഇന്നിംഗ്സിന് കരുത്തായത്. ഫിഞ്ച് 44 പന്തിൽ 63 റണ്‍സ് നേടി. മാർക്കസ് സ്റ്റോയിനസ് (35), മിച്ചൽ മാർഷ് (28) എന്നിവർ നായകന് മികച്ച പിന്തുണ നൽകി. ഫിഞ്ചാണ് കളിയിലെ താരം. അയർലൻഡിനായി ബാരി മഗ്രാത്തി മൂന്നും ജോഷ് ലിറ്റിൽ രണ്ടും വിക്കറ്റുകൾ നേടി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിനായി വിക്കറ്റ് കീപ്പർ ബാറ്റർ ലോർകാൻ ടക്കർ (പുറത്താകാതെ 71) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും വിജയതീരത്തെത്താൻ കഴിഞ്ഞില്ല. ടക്കറിന് പുറമേ മൂന്ന് ബാറ്റർമാർ കൂടി മാത്രമാണ് ഐറിഷ് നിരയിൽ രണ്ടക്കം കണ്ടത്.
ഓസീസിനായി ആദം സാംപ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ഗ്ലെൻ മാക്സ് വെൽ എന്നിവർ രണ്ടുവിക്കറ്റുകൾ വീതം നേടി.