ലിംഗായത്ത് മഠാധിപതിയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ഹണിട്രാപ്പ്
Wednesday, October 26, 2022 7:52 PM IST
ബംഗളൂരു: രാമനഗരയിലെ ലിംഗായത്ത് മഠാധിപതി ബസവലിംഗ സ്വാമി(44)യുടെ ആത്മഹത്യയ്ക്കു പിന്നില്‍ ഹണിട്രാപ് എന്ന് പോലീസ്. സ്വാമിയുടെ മുറിയില്‍നിന്നു ലഭിച്ച ആത്മഹത്യാകുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജ്ഞാതയുവതിയുടെ ഭീഷണിയാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് കണ്ടെത്തിയത്.
ദീപാവലി ദിനമായിരുന്ന തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബസവലിംഗ സ്വാമിയെ മഠത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പില്‍ മഠവുമായി ബന്ധപ്പെട്ട രണ്ടു പേരുകള്‍ പരാമര്‍ശിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു.
ഒരു യുവതിയുമായി സ്വാമി വീഡിയോ കോള്‍ നടത്തിയിരുന്നു. യുവതി ഇതു റിക്കാര്‍ഡ് ചെയ്തു സൂക്ഷിച്ച് സ്വാമിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മഠത്തില്‍നിന്നും തന്നെ പുറത്താക്കുന്നതിനുള്ള ഗൂഢാലോചനയും ഇതിനു പിന്നിലുണ്ടായിരുന്നതായാണ് സ്വാമിയുടെ കുറിപ്പില്‍ പറയുന്നത്.
യുവതിയെയും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിച്ച മറ്റു രണ്ടുപേരെയും കണ്ടെത്തി ചോദ്യംചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ ജീവനൊടുക്കുന്ന മൂന്നാമത്തെ ലിംഗായത്ത് മഠാധിപതിയാണ് ബസവലിംഗ സ്വാമി.