ട്വന്റി-20 ലോകകപ്പ്: ബംഗ്ലാദേശിന് ജയത്തുടക്കം
Monday, October 24, 2022 2:50 PM IST
ഹൊബാർട്ട്: ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിന് ജയത്തോടെ തുടക്കം. യോഗ്യതാ റൗണ്ട് കടന്ന് എത്തിയ നെതർലൻഡ്സിനെ ഒൻപത് റണ്‍സിനാണ് ബംഗ്ലാ കടുവകൾ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 144 റണ്‍സ് നേടി. നെതർലൻഡ്സിന്റെ പോരാട്ടം 135 റണ്‍സിൽ അവസാനിച്ചു.
നാല് വിക്കറ്റുകൾ പിഴുത് ബംഗ്ലാദേശ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച പേസർ ടസ്കിൻ അഹമ്മദാണ് മാൻ ഓഫ് ദ മാച്ച്. നാല് ഓവറിൽ 25 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ടസ്കിന്റെ നേട്ടം. ഹസൻ മഹമ്മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നെതർലൻഡ്സിന്റെ മുൻനിര തകർന്നടിഞ്ഞതാണ് അവർക്ക് തിരിച്ചടിയായത്. ഓൾറൗണ്ടർ കോളിൻ അക്കർമാന്റെ ഒറ്റയാൾ പോരാട്ടമാണ് അവരെ ജയത്തിനടുത്തെത്തിച്ചത്. അക്കർമാൻ 62 റണ്‍സ് നേടി. പതിനൊന്നാമനായി ക്രീസിലെത്തിയ പോൾ വാൻ മീകീറിനാണ് (24) രണ്ടാമത്തെ ടോപ്പ് സ്കോറർ.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനും ഹൊബാർട്ടിലെ പിച്ചിൽ ബാറ്റിംഗ് ദുഷ്കരമായിരുന്നു. 38 റണ്‍സ് നേടിയ ആഫിഫ് ഹൊസൈനാണ് ടോപ്പ് സ്കോറർ. നജുമുൾ ഹൊസൈൻ ഷാന്േറാ 25 റണ്‍സ് നേടി.