കിവീസ് നിറഞ്ഞാടി; ഓസീസിന് ദയനീയ തോൽവി
Saturday, October 22, 2022 4:10 PM IST
സിഡ്നി: ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഓസ്ട്രേലിയയ്ക്ക് ദയനീയ തോൽവി. അയൽക്കാരായ ന്യൂസിലൻഡ് 89 റണ്‍സിനാണ് കംഗാരു പടയെ തകർത്തത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ കിവീസിന് മുന്നിൽ ഓസീസ് സംഘത്തിന് മറുപടിയുണ്ടായില്ല.
മഴ ഭീഷണിയുണ്ടായിരുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 200 റണ്‍സ് നേടി. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഡവണ്‍ കോണ്‍വെയുടെ മിന്നുന്ന ഇന്നിംഗ്സാണ് കിവീസിന് തുണയായത്.
58 പന്തിൽ 92 റണ്‍സ് അടിച്ചുകൂട്ടിയ കോണ്‍വെ പുറത്താകാതെ നിന്നു. ഫിൻ അലീൻ (42), ജയിംസ് നീഷം (പുറത്താകാതെ 26), കെയിൻ വില്യംസണ് (23) എന്നിവരും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ഓസീസിനായി ജോഷ് ഹേസിൽവുഡ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി. കോണ്‍വെയാണ് മാൻ ഓഫ് ദ മാച്ച്.
മറുപടി ബാറ്റിംഗിൽ ഒരിക്കൽ പോലും ഓസീസ് ജയപ്രതീക്ഷ ഉണർത്തിയില്ല. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഡേവിഡ് വാർണർ അഞ്ച് റണ്‍സുമായി മടങ്ങിയതോടെ ഓസീസ് തകർച്ച തുടങ്ങി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ കംഗാരുക്കളുടെ ഇന്നിംഗ്സ് 111 റണ്‍സിൽ അവസാനിച്ചു.
28 റണ്‍സ് നേടിയ ഗ്ലെൻ മാക്സ്വെൽ ആണ് ടോപ്പ് സ്കോറർ. കിവീസിനായി മിച്ചൽ സാറ്റ്നർ, ടിം സൗത്തി എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.