രഹ്ന ഫാത്തിമക്കെതിരായ കേസ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി
Thursday, October 20, 2022 3:15 PM IST
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് സിയാദ് റഹ്മാന്റെ ബെഞ്ചിന്റേതാണ് നടപടി.
സമൂഹ മാധ്യമങ്ങളിൽ "ഗോമാതാ ഉലർത്ത്' എന്ന പേരിൽ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനാണ് രഹന ഫാത്തിമക്കെതിരെ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
രഹ്ന ഫാത്തിമയുടെ നടപടി മതവികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കാട്ടി എറണാകുളം സ്വദേശിയായ അഭിഭാഷകൻ രജീഷ് രാമചന്ദ്രന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
നേരത്തെ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമല ദർശനത്തിനെത്തിയും ഇവർ വിവാദം സൃഷ്ടിച്ചിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരിയായിരുന്ന രഹ്നയെ വിവാദങ്ങൾക്ക് പിന്നാലെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.