സിംഗൂരിൽനിന്നു ടാറ്റയെ ഓടിച്ചത് സിപിഎം ആണെന്നു മമത
വെബ് ഡെസ്ക്
Wednesday, October 19, 2022 11:48 PM IST
സിലിഗുഡി: സിംഗൂരിൽനിന്നു ടാറ്റാ മോട്ടോഴ്സിനെ ഓടിച്ചത് താനല്ല, സിപിഎം ആണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിലിഗുഡിയിൽ ബിജയ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മമത.
ടാറ്റയെ ബംഗാളിൽനിന്ന് ഓടിച്ചതു ഞാനാണെന്ന് പച്ചക്കള്ളം പ്രചരിക്കുന്നുണ്ട്. ഞാനല്ല, സിപിഎം ആണ് ടാറ്റയെ ഓടിച്ചത്. ടാറ്റായുടെ നാനോ ഫാക്ടറി പദ്ധതിക്കു ജനങ്ങളുടെ ഭൂമി സിപിഎം ബലമായി പിടിച്ചെടുക്കുകയായിരുന്നു. ഞങ്ങൾ അതു തിരികെ നല്കി. ഞങ്ങൾ നിരവധി പദ്ധതികൾ പൂർത്തിയാക്കി.
പക്ഷേ, ആരുടെയും ഭൂമി ബലമായി പിടിച്ചെടുത്തിട്ടില്ല-മമത ബാനർജി കൂട്ടിച്ചേർത്തു. സിംഗൂർ പ്രക്ഷോഭത്തെത്തുടർന്നാണ് മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനു ബംഗാൾ രാഷ്ട്രീയത്തിൽ ഉയർച്ചയുണ്ടായത്.