തീ പന്തുമായി അഫ്രീദി; യോർക്കറിൽ നിലതെറ്റിയ അഫ്ഗാൻ താരം ആശുപത്രിയിൽ
Wednesday, October 19, 2022 12:27 PM IST
ബ്രിസ്ബെയ്ൻ: ബാറ്റർമാരുടെ പേടി സ്വപ്നമായ ഷഹീൻ അഫ്രീദി മടങ്ങിവരവ് അറിയിച്ചിരിക്കുന്നു. അഫ്ഗാനിസ്ഥാൻ താരത്തെ യോർക്കറിൽ വീഴ്ത്തിയാണ് പാക് പേസർ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. അതും ട്വന്റി 20 ലോകകപ്പ് സന്നാഹ മത്സരത്തിൽ.
വീഴ്ത്തിയെന്നു പറഞ്ഞാൽ അക്ഷരാർഥത്തിൽ തന്നെ അഫ്രീദിയുടെ യോർക്കർ അഫ്ഗാൻ താരത്തെ വീഴത്തിക്കളഞ്ഞു. പാക്കിസ്ഥാനുമായുള്ള സന്നാഹ മത്സരത്തിൽ അഫ്ഗാന് ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് അഫ്രീദിയുടെ ഇരയായത്.
പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന അഫ്രീദി ഇംഗ്ലണ്ടുമായുള്ള സന്നാഹ മത്സരത്തിലാണ് വീണ്ടും കളത്തിലിറങ്ങിയത്. രണ്ട് ഓവർ മാത്രം എറിഞ്ഞ പാക് പേസർക്ക് വിക്കറ്റൊന്നും നേടാനായില്ല. എന്നാൽ രണ്ടാം സന്നാഹത്തിൽ അഫ്ഗാൻ ഓപ്പണർമാരായ റഹ്മാനുള്ള ഗുർബാസിനെയും ഹസ്രത്തുള്ള സസായിയെയും അദ്ദേഹം പുറത്താക്കി.
അഫ്രീദിയുടെ ചീറിപ്പാഞ്ഞുവന്ന യോർക്കർ കാലിൽ കൊണ്ട് ഗുർബാസ് ക്രീസിൽ വീണു. അഫ്ഗാന് ഇന്നിംഗ്സിലെ ആദ്യ ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം. ഗുർബാസ് കളത്തിൽ വേദനകൊണ്ട് പുളഞ്ഞതോടെ ഫിസിയോ എത്തി പരിശോധിച്ചു. വിദഗ്ധ പരിശോധനകൾക്കായി താരത്തെ ഗ്രസിംഗ് റൂമിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
മറ്റൊരു കളിക്കാരൻ തോളിൽ എടുത്താണ് ഗുർബാസിനെ കളത്തിനു പുറത്തെത്തിച്ചത്. ഉടൻ തന്നെ ഗുര്‍ബാസിനെ സ്കാനിംഗിന് വിധേയനാക്കി. ടോപ് ഓര്‍ഡര്‍ ബാറ്ററിനു പുറമെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് ഗുര്‍ബാസ്. ശനിയാഴ്ച പെര്‍ത്തില്‍ ഇംഗ്ലണ്ടിനെതിരായ സൂപ്പര്‍-12 മത്സരത്തില്‍ താരം കളിക്കുമോ എന്ന് വ്യക്തമല്ല.