എലിപ്പനി രോഗ നിർണയത്തിൽ കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം: ആരോഗ്യമന്ത്രി
Friday, October 7, 2022 11:09 PM IST
തിരുവനന്തപുരം: എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് ഒൻപത് സർക്കാർ ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിച്ചവർക്ക് വളരെ വേഗം രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കാനാണ് ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
രോഗം ബാധിച്ച് മൂന്നുനാല് ദിവസത്തിനകം തന്നെ പരിശോധിച്ചാലും എലിപ്പനിയാണെങ്കിൽ കണ്ടെത്താനാകുമെന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. എല്ലാ ജില്ലകൾക്കും ഈ സേവനം ലഭ്യമാകും വിധം എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) പുറത്തിറക്കി. സാമ്പിൾ കളക്ഷൻ മുതൽ പരിശോധനാ ഫലം ലഭ്യമാക്കും വരെ പുലർത്തേണ്ട മാനദണ്ഡങ്ങൾ എസ്ഒപിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.