വടക്കഞ്ചേരി അപകടം: മരിച്ച കെഎസ്ആർടിസി യാത്രക്കാർക്ക് 10 ലക്ഷം രൂപ
Friday, October 7, 2022 10:51 PM IST
തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷ്വറൻസ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.
2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് പദ്ധതിപ്രകാരം യാത്രക്കാർക്കു നൽകി വരുന്ന അപകട ഇൻഷ്വറൻസ് പ്രകാരമാണ് തുക നൽകുന്നത്. ഇതിൽ നിന്നും അടിയന്തര സഹായം എന്ന നിലയിൽ രണ്ടു ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ടു ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റ് മരണമടഞ്ഞ രണ്ടു പേരുടേയും മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് 10 ലക്ഷം നൽകും.
അപകടത്തിൽ മരണമടഞ്ഞ കെഎസ്ആർടിസി യാത്രക്കാർക്ക് വേഗത്തിൽ ഇൻഷ്വറൻസ് തുക ലഭ്യമാകുന്നതിനു വേണ്ടി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ഇടപെടലിനെ തുടർന്നാണ് ഇത്രയും വേഗത്തിൽ തുക ലഭ്യമാകുന്നത്.
ന്യൂ ഇന്ത്യ അഷ്വറൻസ് കോ ലിമിറ്റഡ് നിന്നാണ് യാത്രക്കാർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്.