അടരുവാൻ വയ്യ നിൻ...; ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു
Wednesday, October 5, 2022 8:30 PM IST
ചെന്നൈ: സെലിബ്രിറ്റികളുടെ വേർപിരിയൽ കണ്ടുപരിചയിച്ച സിനിമാ ലോകത്ത് അപൂർവ താര പുനസമാഗമം. സൂപ്പർ സ്റ്റാർ ധനുഷും പങ്കാളി ഐശ്വര്യ രജനികാന്തും വീണ്ടും ഒന്നിക്കുന്നു.
ഒൻപത് മാസം മുമ്പ് വേർപിരിഞ്ഞ ധനുഷും ഐശ്വര്യയും വിവാഹമോചനം പിൻവലിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും 2004-ൽ ആണ് വിവാഹിതരായത്. രണ്ട് ആൺമക്കളുണ്ട്.
ഐശ്വര്യയും ധനുഷും ഈ വർഷം ആദ്യമാണ് വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പിന്നീട് ഇരുവരുടേയും കുടുംബങ്ങൾ ഇവരെ ഒന്നിപ്പിക്കാൻ ശ്രമം നടത്തിവരുന്നുണ്ടായിരുന്നു.