സൈബർ തട്ടിപ്പ് തടയാൻ ഓപ്പറേഷൻ ചക്ര; 105 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്
Tuesday, October 4, 2022 8:46 PM IST
ന്യൂഡൽഹി: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി രാജ്യത്തെ 105 കേന്ദ്രങ്ങളിൽ ഒരേസമയം റെയ്ഡ് നടത്തി സിബിഐ. ഇന്റർപോൾ, എഫ്ബിഐ എന്നീ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ഓപ്പറേഷൻ ചക്ര എന്ന് പേരിട്ട നടപടിയിൽ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. ആൻഡമാൻ ആൻഡ് നിക്കോബാർ, ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, കർണാടക, ആസാം, ഛണ്ഡിഗഡ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
രാജസ്ഥാനിലെ കോൾ സെന്ററിൽ നിന്ന് ഒരു കിലോഗ്രാം സ്വർണവും 1.50 കോടി രൂപയും സിബിഐ കണ്ടെത്തി. അമേരിക്കൻ പൗരന്മാരുടെ പണം നഷ്ടമായ കോൾ സെന്റർ തട്ടിപ്പ്, ഡാർക്ക് വെബിലെ ലഹരിമരുന്ന് വ്യാപാരം എന്നിവ സംബന്ധിച്ച തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.