മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; വിചിത്ര ഉത്തരവ് ഹിമാചലില്‍
Tuesday, October 4, 2022 12:51 PM IST
ഷിംല: പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ പാസ് ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം. ഹിമാചല്‍ പ്രദേശിലെ ജില്ലാ ഭരണകൂടമാണ് വിചിത്ര ഉത്തരവിറക്കിയത്. സംഭവം വിവാദമായതിനു പിന്നാലെ ഉത്തരവ് പിന്‍വലിച്ചു.
ബുധനാഴ്ച നടക്കാനിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവരെ ഉദ്യേശിച്ചാണ് നിര്‍ദേശം. സെപ്റ്റംബര്‍ 14ന് നടത്താനിരുന്ന പരിപാടിയാണ് ബുധനാഴ്ചത്തേയ്ക്ക് മാറ്റിയത്. ഹിമാചലിലെ വിവിധയിടങ്ങളിലായാണ് പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുക്കുക.
ഇതില്‍ മണ്ഡിയില്‍ നടക്കുന്ന പരിപാടിയില്‍ മാത്രമാണ് മാധ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിര്‍ദേശമുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ ഒപ്പോടുകൂടിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം.
പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ ഇതിനെതിരെ രംഗത്തുവന്നതോടെ ഉത്തരവ് പിന്‍വലിച്ചു. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിപാടി റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഹിമാചല്‍ ഡിജിപി അറിയിച്ചു.