മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത യുവാവിനെ കൊന്നു; ഒന്നര വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ
Wednesday, September 17, 2025 8:05 AM IST
ആഗ്ര: ആഗ്രയിൽ ഒന്നര വർഷം മുന്പ് നടന്ന യുവാവിന്റെ കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക്മെയിലിംഗ് നടത്തിയ രാകേഷ് സിംഗിനെ കൊന്ന പിതാവ് ദേവീറാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രമ്മിൽ ഇട്ട് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് രാകേഷ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ദേവീറാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ആഗ്ര-ഗ്വാളിയർ റോഡിൽ കബൂൽപുരിൽ മധുരപലഹാര കട നടത്തുകയായിരുന്നു ദേവിറാം. പ്രദേശവാസിയായ രാകേഷ് സിംഗ് ദേവിറാമിന്റെ മകൾ കുളിക്കുന്ന ദൃശ്യം രഹസ്യമായി പകർത്തുകയും തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടി ഇക്കാര്യം പിതാവിനോട് പറയുകയും രാകേഷിനെ തന്റെ കടയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നു.
മൃതദേഹം തന്റെ അനന്തരവന്റെ സഹായത്തോടെ ഡ്രമ്മിലിട്ട് കത്തിക്കുകയും നദിയിൽ വീണ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ രാകേഷിന്റെ വാഹനം നദിക്കരയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ രാകേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകുകയും തുടർന്ന് ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ മരിച്ചത് രാകേഷാണെന്ന് പോലീസ് സ്ഥിരീകരിക്കുകയുമായിരുന്നു.
രാകേഷും ദേവിറാമും തമ്മിൽ നടത്തിയ ഫോൺവിളികളുടെ രേഖകൾ പരിശോധിച്ച പോലീസ് പ്രതി ദേവീറാമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൊലപാതകത്തിന് സഹായിച്ച ദേവീറാമിന്റെ അനന്തരവൻ നൃത്യ കിഷോറിനെ പോലീസ് തെരയുകയാണ്.