ഒറ്റയ്ക്ക് താമസിച്ച സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ട് മൂന്ന് ദിവസം; ഇരുട്ടിൽ തപ്പി പോലീസ്
Thursday, August 21, 2025 7:30 AM IST
ആലപ്പുഴ: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി മൂന്ന് ദിവസമായിട്ടും എങ്ങുമെത്താതെ പോലീസ് അന്വേഷണം. തോട്ടപ്പള്ളി ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ ഷാൾ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീടിനു പിന്നിലെ വാതിൽ ചവിട്ടിത്തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ മുളകു പൊടി വിതറിയിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകൾ കണ്ടെത്തി. പൂർണമായ പോസ്റ്റ് മോർട്ടം റിപ്പോർട്ടും ശാസ്ത്രീയ പരിശോധന ഫലങ്ങളും ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകു.
ഹംലത്തിന്റെ ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇവരുടെ മൊബൈൽ ഫോൺ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറയുന്നു. ഹംലത്തിന്റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണത്തെ സഹായിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചില്ല.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സംശയം തോന്നിയ പത്തിലധികം ആളുകളെ ഇതുവരെ ചോദ്യം ചെയ്തു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ആളുകളുടെ മൊഴി എടുക്കും.