തീരുവ ഭീഷണിക്കിടെ ഇന്ത്യയ്ക്ക് അഞ്ച് ശതമാനം കിഴിവിൽ റഷ്യൻ എണ്ണ
Thursday, August 21, 2025 2:40 AM IST
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണി നിലനിൽക്കുന്നതിനിടെ ഇന്ത്യയ്ക്ക് അഞ്ചു ശതമാനം കിഴിവിൽ എണ്ണ നൽകുമെന്ന് റഷ്യ. റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം കിഴിവ് നൽകുമെന്ന് ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കിഴിവുകൾ വാണിജ്യ രഹസ്യമാണെന്നും ബിസിനസുകാർ തമ്മിലുള്ള വിഷയമാണെന്നും എവ്ജെനി ഗ്രിവ പറഞ്ഞു. അഞ്ച് ശതമാനമെന്ന കിഴിവിൽ വ്യത്യാസം വരാമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി മുൻപത്തേത് പോലെ നടക്കും. ബാഹ്യ സമ്മർദങ്ങൾക്കിടയിലും ഇന്ത്യ-റഷ്യ ഊർജ സഹകരണം തുടരുമെന്നും ബന്ധത്തിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും എവ്ജെനി ഗ്രിവ പറഞ്ഞു.