20 ദിവസത്തിനുശേഷം കേരള വിസി സര്‍വകലാശാല ആസ്ഥാനത്ത്; തടയാതെ എസ്എഫ്ഐ
Friday, July 18, 2025 12:01 PM IST
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു രണ്ട് ജീപ്പ് പോലീസ് വാഹന അകമ്പടിയോടെയാണ് അദ്ദേഹം സര്‍വകലാശാലയില്‍ എത്തിയത്.
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പ്രതിഷേധം കാരണം കഴിഞ്ഞ 20 ദിവസമായി അദ്ദേഹം സര്‍വകലാശാലയില്‍ എത്തിയിരുന്നില്ല. സര്‍വകലാശാലയ്ക്ക് അകത്തും പുറത്തുമായി സുരക്ഷയ്ക്കായി 200 ല്‍പരം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ റജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്തതോടെയാണ് അദ്ദേഹത്തിനെതിരെ ഇടത് സിന്‍ഡിക്കേറ്റും എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
വിസി സസ്പെൻഡ് ചെയ്ത രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിനെ ഇടത് സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തു. എന്നാല്‍ ഇതിന് നിയമസാധുതയില്ലെന്ന് പറഞ്ഞ് പുതിയ രജിസ്ട്രാറെ വിസി നിയമിച്ചിരുന്നു. മിനാ കാപ്പനെയാണ് രജിസ്ട്രാറുടെ ചുമതല നല്കി വിസി നിയമിച്ചത്. നിരവധി ഫയലുകളില്‍ തീര്‍പ്പ് കല്പ്പിക്കാത്തത് വിദ്യാര്‍ഥികളുടെ ഭാവി കാര്യങ്ങളെ ബാധിച്ചിരുന്നു. പല ഫയലുകളിലും ഒപ്പിടാനുള്ള കാരണത്താലാണ് അദ്ദേഹം ഇന്ന് സര്‍വകലാശാല ആസ്ഥാനത്തെത്തിയത്.