കഴുത്തറുക്കുമെന്ന് പാക് സൈനിക ഉദ്യോഗസ്ഥന്; ലണ്ടനിൽ ഇന്ത്യക്കാർക്ക് നേരെ വധഭീഷണി
Saturday, April 26, 2025 10:04 AM IST
ലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിൽ പാക് ഹൈക്കമ്മീഷന് മുമ്പിൽ പ്രതിഷേധിച്ച ഇന്ത്യൻ സമൂഹത്തിന് നേരെ പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥന്റെ വധഭീഷണി.
ലണ്ടനിലെ പാക് ഹൈക്കമ്മീഷന് മുമ്പിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്ക് നേരെയാണ് ആർമി അറ്റാഷെ കേണൽ തൈമൂർ റാഹത്ത് കഴുത്തറുക്കുമെന്ന് ആംഗ്യം കാണിച്ചത്.
പാക് സൈനിക ഉദ്യോഗസ്ഥന്റെ പ്രകോപനപരമായ ആംഗ്യം കാണിക്കലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാരുടെ മുദ്രാവാക്യം വിളികളെ പ്രതിരോധിക്കാനും പരിഹസിക്കാനും പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർ ഉച്ചത്തിൽ പാട്ട് വയ്ക്കുകയും ഒച്ചവെക്കുകയും ചെയ്തു.
യുകെയിലെ 500ഓളം വരുന്ന ഇന്ത്യൻ സമൂഹമാണ് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ലണ്ടനിലെ പാക് ഹൈക്കമ്മീഷന് മുമ്പിൽ പ്രതിഷേധിച്ചത്.
ഇന്ത്യൻ ദേശീയ പതാകയും ബാനറുകളും പ്ലക്കാർഡുകളും പിടിച്ചായിരുന്നു പ്രതിഷേധം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ജനങ്ങൾ ദുഃഖത്തിലായിരിക്കുമ്പോൾ ഉച്ചത്തിൽ സംഗീതം വച്ചതിലും പാക് സൈനിക ഉദ്യോഗസ്ഥരുടെ പ്രകോപനപരമായ പ്രവൃത്തിയിലും പ്രതിഷേധക്കാർ അപലപിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഔദ്യോഗിക വിശദീകരണം തേടണമെന്ന് യുകെ ഭരണകൂടത്തിനോട് ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു.
കൊലപാതകങ്ങളെ പാക്കിസ്ഥാൻ പരസ്യമായി അപലപിക്കണം, ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കണം, കുറ്റവാളികളെയും അവർക്ക് ധനസഹായം നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നയതന്ത്ര സമ്മർദ്ദം ചെലുത്തണമെന്നും ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു.