ഗുരുഗ്രാമിൽ ബൈക്ക് യാത്രികനെ ആക്രമിച്ച പ്രതികൾ പിടിയിൽ
Wednesday, April 23, 2025 6:45 AM IST
ചണ്ഡീഗഡ്: ഗുരുഗ്രാമിൽ മദ്യലഹരിയിൽ ബൈക്ക് യാത്രികനെ ആക്രമിക്കുകയും ബൈക്ക് തകർക്കുകയും ചെയ്ത പ്രതികൾ പിടിയിൽ. ദ്വാരക എക്സ്പ്രസ് വേയിലാണ് സംഭവം നടന്നത്.
ഹാർദിക് എന്ന ബൈക്ക് യാത്രികന് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്. സൈബർ സിറ്റിയിൽ നിന്ന് മനേസറിലേക്ക് സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് യുവാവിന് നേരെ ആക്രമണം ഉണ്ടായത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
പ്രകോപനമൊന്നുമില്ലാതെയാണ് തന്നെ ആക്രമിച്ചതെന്ന് പോലീസിന് നൽകിയ പരാതിയിൽ ഹാർദിക് പറയുന്നു. ബേസ് ബാൾ ബാറ്റ് ഉപയോഗിച്ച് യുവാവിന്റെ സൂപ്പർ ബൈക്ക് അടിച്ചുതകർക്കുകയും ചെയ്തു.
ബൈക്കിന് അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായും ഹർദിക് പറയുന്നു. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവം നടക്കുമ്പോൾ പ്രതികൾ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.