ഈസ്റ്റർ ദിനത്തിൽ തലസ്ഥാനത്തെ ദേവാലയത്തിലെത്തി ബിജെപി അധ്യക്ഷൻ; മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു
Sunday, April 20, 2025 11:40 AM IST
തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ പാളയം ലൂർദ് ഫൊറോന പള്ളിയില്‍ സന്ദർശനം നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. ഇരുവരും പരസ്പരം ഈസ്റ്റർ ആശംസകൾ നേര്‍ന്നു.
ആലഞ്ചേരി പിതാവിന്റെ അനുഗ്രഹം വാങ്ങിയെന്നും എല്ലാ ആഘോഷങ്ങളിലും ബിജെപി പ്രവർത്തകർ കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. യേശുദേവൻ പകർന്നു നൽകിയ സ്നേഹത്തിന്റെ വലിയ സന്ദേശവും ഈ പുണ്യദിനത്തിന്റെ നന്മകളും വികസിത കേരളം എന്ന ലക്ഷ്യത്തിലേക്ക് നമ്മെ നയിക്കട്ടേ എന്ന് സന്ദർശനത്തിനു പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കിൽ കുറിച്ചു.
മുനമ്പത്ത് പ്രശ്നം ആര് പരിഹരിക്കുമെന്ന് ജനങ്ങൾക്കറിയാം. 35 കൊല്ലം പലരും ഭരിച്ചു. അവരൊക്കെ എന്ത് ചെയ്തു എന്നും ജനങ്ങൾക്കറിയാം. വഖഫ് ബിൽ നടപ്പിൽ ആക്കുമ്പോൾ മുനമ്പം പ്രശ്നം പരിഹാരം ഉണ്ടാകും. ബിൽ സുപ്രീംകോടതിക്ക് പുറത്തെത്തി നടപ്പിലാകുമ്പോൾ മുനമ്പം പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്റെ സന്ദർശനം തികച്ചും അനൗദ്യോഗികമാണെന്ന് മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചു. എൺപതാം പിറന്നാളിന് ആശംസ അർപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖർ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം വിഷയം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശ്രമംനടത്തുന്നുണ്ടെന്നും മാർ ജോർജ് ആലഞ്ചേരി പ്രതികരിച്ചു.