എമ്പുരാൻ സിനിമ മോശമാണെന്ന് പറഞ്ഞിട്ടില്ല: മേജർ രവി
Friday, April 4, 2025 1:10 PM IST
തിരുവനന്തപുരം: എമ്പുരാൻ വിവാദത്തിൽ നടി മല്ലികാ സുകുമാരന് മറുപടിയുമായി നടനും സംവിധായകനുമായ മേജർ രവി. പടം നന്നായില്ല എന്ന് പറഞ്ഞിട്ടില്ലെന്നും സിനിമ കണ്ട് ഇറങ്ങി വന്നപ്പോൾ പറഞ്ഞത് ടെക്നിക്കലി ഫന്റാസ്റ്റിക് ആണെന്നായിരുന്നുവെന്നും മേജർ രവി പറഞ്ഞു.
അതേസമയം, പടത്തിൽ രാജ്യദ്രോഹപരം ആയിട്ടുള്ളത് ഉണ്ടെന്ന് ഞാൻ അപ്പോഴും പറഞ്ഞു ഇപ്പോഴും പറയുന്നുവെന്നും മേജർ രവി വ്യക്തമാക്കി.
"രണ്ട് ആരോപണങ്ങൾ ആണ് മേജർ രവിക്ക് നേരെ ഉള്ളത്. ഒന്ന് മോഹൻലാൽ പടം കണ്ടിട്ടില്ല എന്ന് പറഞ്ഞത്. അത് ഞാൻ നുണ പറഞ്ഞതാണ് എന്നാണ് പറയുന്നത്. ആന്റണി പെരുമ്പാവൂർ എന്താണ് പറഞ്ഞത്. അവർ കഥയൊക്കെ കേട്ടു, സിനിമ ചെയ്യാൻ തീരുമാനിച്ചു എന്നല്ലേ. കഥ കണ്ടു വായിച്ചു, ഞാനും ഒരു എഴുത്തുകാരൻ ആണ്, ഞാൻ എഴുതിയത് പലതും പിന്നെ മാറ്റും, പടം കാണൽ ആണ് മുഖ്യം, അപ്പൊ അത് വിട്ടേക്ക്.
ഞാൻ മല്ലിക ചേച്ചിയുടെ മകനെ ഒറ്റപ്പെടുത്തി, പടം മോശമാണ് എന്നൊക്കെ പറഞ്ഞുവെന്ന കാര്യം. ഞാൻ എവിടെയാണ് പടം നന്നായില്ല എന്ന് പറഞ്ഞത് ?. പടം കണ്ട് ഇറങ്ങി വന്നപ്പോൾ പറഞ്ഞത് ടെക്നിക്കലി ഫന്റാസ്റ്റിക് എന്നാണ്, ഇപ്പോഴും ഞാൻ അതിൽ തന്നെ നിൽക്കുന്നു, പക്ഷേ പടത്തിൽ രാജ്യദ്രോഹപരം ആയിട്ടുള്ളത് ഉണ്ടെന്ന് ഞാൻ അപ്പോഴും പറഞ്ഞു, ഇപ്പോഴും പറയുന്നു.
ഇതൊക്കെ പറഞ്ഞ് എനിക്ക് മോഹൻലാലിന്റെ പ്രീതി നേടേണ്ട ആവശ്യമില്ല. 1994 മാർച്ച് 13 മുതലുള്ള ബന്ധമാണ് അത്. പടം ചെയ്താലും ഇല്ലെങ്കിലും അത് അവിടെ തന്നെ കാണും, അത് മരിക്കുന്നതു വരെ അതുപോലെ നിൽക്കും.
കീർത്തിചക്ര എന്ന സിനിമ ചെയ്ത് എന്നെ മേജർ രവി ആക്കിയത് മോഹൻലാൽ ആണ്, അത് ആന്റണി പെരുമ്പാവൂർ ഒന്നും പ്രൊഡ്യൂസ് ചെയ്തതല്ല. അത് നിർമിച്ചത് ആർ.ബി. ചൗധരി സാറാണ്. എനിക്ക് അവർ രണ്ടുപേരോടും കടപ്പാടുണ്ട്. അത് ഞാൻ എന്നും കാണിച്ചിരിക്കും.
എമ്പുരാൻ കണ്ടിറങ്ങിയപ്പോൾ തന്നെ എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ഒരു പടം ഇറങ്ങിയ ഉടനെ തന്നെ അതിനെക്കുറിച്ച് നെഗറ്റീവ് പറയാൻ കഴിയില്ല. സിനിമയിൽ സത്യാവസ്ഥകളെ മറച്ചുപിടിച്ചുകൊണ്ട് പകുതി മാത്രം പറഞ്ഞിട്ട് ഒരു വിവാദം ഉണ്ടാക്കിയതല്ലേ, അതുകൊണ്ടല്ലേ ജനങ്ങൾ ഇളകി സംസാരിക്കുന്നത്.
അപ്പോ സിനിമയിൽ പ്രശ്നം ഉണ്ടെന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ പടം കൊള്ളില്ല എന്നല്ല. ഇന്നും നിങ്ങൾക്ക് മോഹൻലാൽ പടം കണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ആന്റണി പെരുമ്പാവൂരിൽ നിന്ന് ക്ലാരിറ്റി കിട്ടിയിട്ടുണ്ടോ, ഇല്ല എന്നാണ് ഉത്തരം.’’–മേജർ രവി പറഞ്ഞു.