ഹമാസ് കൈമാറിയത് ഷിരി ബിബാസിന്റെ മൃതദേഹമല്ല; കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇസ്രയേൽ
Friday, February 21, 2025 8:37 PM IST
ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ നാല് ബന്ദികളുടെ മൃതദേഹങ്ങളില്‍ ഷിരി ബിബാസിന്റെ മൃതദേഹമില്ലെന്ന് ഇസ്രയേല്‍. ഹമാസ് നടത്തിയത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി.
കൈമാറിയ മൃതദേഹങ്ങളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് ഇസ്രയേലിന്റെ ആരോപണം. ഈ ക്രൂരതയ്ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഇവരുടെ മക്കളുടേതടക്കം മറ്റു മൂന്ന് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായും ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. എന്നാൽ ഷിരി ബിബാസിന്റേതെന്ന് പറഞ്ഞ് കൈമാറിയ മൃതദേഹം ഇസ്രയേലി ബന്ദികളില്‍ ആരുടേതുമല്ലെന്ന് നെതന്യാഹു അറിയിച്ചു.
ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്നു ഷിരി ബിബാസും മക്കളും. 2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലിൽനിന്നാണ് ഇവരെയും മക്കളെയും ഹമാസ് തട്ടിക്കൊണ്ടുപോയത്.