കാറിന്റെ ഗ്ലാസ് തകർത്ത് 3000 രൂപ കവർന്നു; യുവാവ് പിടിയിൽ
Wednesday, February 19, 2025 4:18 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാറിന്റെ ഗ്ലാസ് തകർത്ത് 3000 രൂപ കവർന്ന പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനിയിൽ ഫൈസൽ (28) ആണ് പിടിയിലായത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
വിഴിഞ്ഞം ഹാർബർ റോഡ് സുപ്രിയാ ഭവനിൽ അസ്കർ അഹമ്മദിന്റെ വീടിന് മുന്നിലെ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നായിരുന്നു മോഷണം. കാറിന്റെ പിൻവശത്തെ ഗ്ലാസ് തകർത്ത് ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാരാണ് ഇയാളെ പിടികൂടുകയായിരുന്നു.
എന്നാൽ നാട്ടുകാരോട് ഇയാൾ തട്ടിക്കയറിയതോടെ വിഴിഞ്ഞം പോലീസ് എത്തി ഫൈസലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കുമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.