മദ്യപാനത്തിനിടെ തർക്കം; കുത്തേറ്റ സുരക്ഷാജീവനക്കാരൻ കൊല്ലപ്പെട്ടു
Wednesday, February 12, 2025 12:46 AM IST
കാസര്‍ഗോഡ്: ഉപ്പളയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റയാള്‍ മരിച്ചു. ഉപ്പളയില്‍ സുരക്ഷാ ജീവനക്കാരനായ പയ്യന്നൂര്‍ സ്വദേശി സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 ന് ഉപ്പള ടൗണില്‍ വെച്ചാണ് സുരേഷിന് കുത്തേറ്റത്.
നിരവധി കേസുകളില്‍ പ്രതിയായ സാവാദാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സ്ഥിരീകരിച്ചു.
ഉപ്പളയിലെ ഫ്ളാറ്റുകളില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്. മൃതദേഹം മംഗുളുരു ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംഭഴത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.