കെ.വി. അബ്ദുള്‍ ഖാദര്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി; 46 അംഗ കമ്മിറ്റിയിൽ 10 പുതുമുഖങ്ങൾ
Tuesday, February 11, 2025 1:46 PM IST
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ.വി. അബ്ദുള്‍ ഖാദറിനെ തെരഞ്ഞെടുത്തു. കുന്നംകുളത്ത് ചേര്‍ന്ന ജില്ലാ സമ്മേളനമാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 46 അംഗ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ കെ.വി. അബ്ദുള്‍ ഖാദര്‍ പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമാണ്. 2006 മുതല്‍ 2021വരെ ഗുരുവായൂര്‍ എംഎല്‍എയായിരുന്നു. 1991 മുതല്‍ സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റിയംഗമാണ്.
1997 മുതല്‍ സിപിഎം ഏരിയ സെക്രട്ടറിയായി. തുടര്‍ന്ന് ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടേറിയറ്റ് അംഗമായും ചുമതലയേറ്റു. മത്സ്യത്തൊഴിലാളി ഫെഡറേഷന് (സിഐടിയു) ജില്ലാ പ്രസിഡന്റ്, ബീഡി വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇതിനിടെ, സിപിഎം തൃശൂർ ജില്ലാസമ്മേളനത്തോട് അനുബന്ധിച്ച പ്രവർത്തന റിപ്പോർട്ടിലെ പൊതു ചർച്ചയിൽ പ്രതിനിധികൾ രൂക്ഷവിമർശനമാണ് ഉയർത്തിയത്. റിപ്പോർട്ട് ചിലർ ചോർത്തിയെന്നും പ്രതിരോധ വകുപ്പ് പോലീസിനെ കയറൂരിവിട്ടുവെന്നും യോഗത്തിൽ പ്രതിനിധികൾ വിമർശിച്ചു.
വന്യജീവി ആക്രമണങ്ങളിൽ കേന്ദ്രസർക്കാരിനെ മാത്രം കുറ്റംപറയാതെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണമെന്നും മലയോര ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിലുള്ള പണം അനുവദിക്കണമെന്നും ജൽജീവൻ പദ്ധതിയിൽ വെള്ളം എത്തിക്കാൻ കരാറുകാർക്കു പണം നൽകി തദ്ദേശ തെരഞ്ഞെടുപ്പിനുമുന്പ് പദ്ധതി പൂർത്തിയാക്കണമെന്നും സംസ്ഥാനത്തെ റോഡുകളുടെ തകർച്ച പരിഹരിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ചാവക്കാടുനിന്നുള്ള പ്രതിനിധികളാണു സർക്കാരിന്റെ പോലീസ് നയത്തിനെതിരേ രംഗത്തുവന്നത്. നവകേരള സദസിൽ മുഖ്യമന്ത്രിക്കു നേരിട്ടു ലഭിച്ച പരാതികൾ നഗരസഭകൾക്കും പഞ്ചായത്തുകൾക്കും കൈകമാറിയിട്ടും നടപടിയായില്ലെന്നും, നവകേരള സദസിലെ അദാലത്ത് പ്രഹസനമായെന്നും യോഗത്തിൽ കുറ്റപ്പെടുത്തി.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ടു ബ്രാഞ്ച് സെക്രട്ടറി അന്നത്തെ നേതൃത്വത്തിനു നൽകിയ പരാതി അവഗണിച്ചതാണു പാർട്ടിക്കു പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കിയ വിവാദമെന്നും, തട്ടിപ്പിലെ മുഖ്യപ്രതിയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എ.സി. മൊയ്തീൻ എംഎൽഎ പോയതും യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
വീട്ടമ്മമാർക്കു പെൻഷൻ നൽകുമെന്ന പ്രഖ്യാപനം നടപ്പായില്ല. രണ്ടരവർഷത്തിനുശേഷം മേയർ പദവി സിപിഎമ്മിനു നൽകാമെന്ന വ്യവസ്ഥ തൃശൂർ മേയർ എം.കെ. വർഗീസ് ലംഘിച്ചെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംഘടനാ റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ജില്ലയിലെ നേതാക്കളിൽ ചിലർ പണത്തിനു പിന്നാലെ പോകുന്നു. യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങൾ നിർജീവമായെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, ഡോ. ടി.എം. തോമസ് ഐസക്, കെ.കെ. ശൈലജ, എളമരം കരീം, പി. സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, എം. സ്വരാജ്, ഡോ. പി.കെ. ബിജു എന്നിവർ പങ്കെടുക്കും.