കൈവിട്ടുപോയി! കത്തിക്കയറി സ്വർണം; 64,000 പിന്നിട്ട് കുതിപ്പ്
Tuesday, February 11, 2025 10:47 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ നാഴികക്കല്ലിൽ. പവൻവില ആദ്യമായി 64,000 രൂപയും ഗ്രാം വില 8,000 രൂപയും കടന്നു. പവന് ഒറ്റയടിക്ക് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 64,480 രൂപയിലും ഗ്രാമിന് 8,060 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ ഉയർന്ന് 6,650 രൂപയിലുമെത്തി.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു.
ഈ മാസം ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. നാലിന് ഒറ്റയടിക്ക് 840 രൂപയും അഞ്ചിന് 760 രൂപയും ആറിന് 200 രൂപയും ഉയരുകയായിരുന്നു. തുടർന്ന് ഏഴിന് മാറ്റമില്ലാതെ തുടർന്ന ശേഷം എട്ടിന് 120 രൂപയും 10ന് 280 രൂപയും ഉയർന്നു. 2024ൽ ഇതുവരെ മാത്രം കേരളത്തിൽ പവൻ വിലയിലുണ്ടായ വർധന 7,280 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് മാത്രം 2,840 രൂപയാണ് വർധിച്ചത്.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര വില കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഔൺസിന് 2,886 ഡോളർ എന്ന റിക്കാർഡ് തിങ്കളാഴ്ച വൈകുന്നേരം 2,900 ഡോളർ കടന്ന് തകർത്തിരുന്നു. തുടർന്ന് ഇന്നു രാവിലെ 2,941.87 ഡോളറിലേക്ക് കുതിച്ചുകയറിയ സ്വർണവില നിലവിൽ അല്പം താഴ്ന്ന് 2,922 ഡോളറായിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവക്കുമെന്ന് ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണം.
അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.