മരം കടപുഴകി കാറിനുമുകളിൽ വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
Monday, February 10, 2025 10:28 PM IST
തിരുവനന്തപുരം: തണൽ മരം കടപുഴകി കാറിനുമുകളിൽ വീണു. നെടുമങ്ങാട് - പനവൂർ റോഡിലെ ചുമടുതാങ്ങിയിലുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അപകട സമയത്ത് കാറിൽ അഞ്ചു പേർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല. അഞ്ചോളം ഇലട്രിക് പോസ്റ്റുകൾക്ക് അപകടത്തിൽ തകരാർ സംഭവിച്ചെന്നും ഒരെണ്ണം പൂർണമായി തകരുകയും ചെയ്തെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.
ഈ സമയത്ത് റോഡിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.