തെരുവുനായ ആക്രമിച്ച കാര്യം വീട്ടിൽ പറഞ്ഞില്ല; പേവിഷ ബാധയേറ്റ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Monday, February 10, 2025 8:33 PM IST
ആലപ്പുഴ: പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന പതിനൊന്ന് വയസുകാരൻ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവിൺ ഡി. കൃഷ്ണ (11) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ തെരുവുനായ കടിച്ച കാര്യം ശ്രാവിൺ വീട്ടുകാരെ അറിയിച്ചിരുന്നില്ല.
ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവർക്കും കുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പു നൽകിയിരുന്നു.