ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ഡുട്ടെർട്ടയെ ഇംപീച്ച് ചെയ്തു
Thursday, February 6, 2025 3:02 AM IST
മനില: ഫിലിപ്പീൻസിലെ വൈസ് പ്രസിഡന്റ് സാറാ ഡുട്ടെർട്ടയെ ഇംപീച്ച് ചെയ്തു . കോൺഗ്രസിലെ ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെന്റ് പ്രമേയത്തിന് ആവശ്യത്തിലധികം പിന്തുണ ലഭിച്ചു. ഇനി സെനറ്റിൽ ഇംപീച്ച്മെന്റ് വിചാരണ നടക്കും.
മുൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെർട്ടയുടെ മകളായ സാറയ്ക്ക് ഇപ്പോഴത്തെ പ്രസിഡന്റ് ഫെർഡിനാന്റ് മാർക്കോസ് ജൂണിയറുമായുള്ള ശത്രുതയാണ് ഇംപീച്ച്മെന്റിലേക്കു നയിച്ചത്. പ്രസിഡന്റിനെയും സ്പീക്കർ കൂടിയായ ഭാര്യ മാർട്ടിൻ റോസ്മുവാൽഡസിനെയും ഇല്ലാതാക്കാൻ വാടകക്കൊലയാളിയെ സമീപിച്ചുവെന്ന് സാറ നവംബറിൽ പറഞ്ഞത് വൻ വിവാദമായിരുന്നു.
അധികാര ദുർവിനിയോഗവും ഫണ്ട് തിരിമറിയും അടക്കമുള്ള ആരോപണങ്ങളും സാറ നേരിട്ടിരുന്നു. അഴിമതി, ഭരണഘടനാ ലംഘനം, മറ്റ് ഗുരുതര കുറ്റകൃത്യങ്ങൾ എന്നിവ ആരോപിക്കുന്ന ഇംപീച്ച്മെന്റ് പ്രമേയത്തെ കഴിഞ്ഞ ദിവസം ഭരണകക്ഷിയടക്കം പിന്തുണയ്ക്കുകയായിരുന്നു.