രഞ്ജിട്രോഫി ക്വാർട്ടർ ; ഹരിയാന - മുംബൈ മത്സരത്തിന്റെ വേദി മാറ്റി
Wednesday, February 5, 2025 5:21 PM IST
മുംബൈ: ഹരിയാനയും മുംബൈയും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ വേദിമാറ്റി. ഹരിയാനയിലെ ലാഹ്ലിയിൽ നടത്താനിരുന്ന മത്സരം കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടത്തുമെന്ന് ബിസിസിഐ അധികൃതർ വ്യക്തമാക്കി.
മത്സരം ശനിയാഴ്ച നടക്കാനിരിക്കെയാണ് വേദി മാറ്റിക്കൊണ്ടുള്ള ബിസിസിഐയുടെ അറിയിപ്പ് എത്തിയത്. ബുധനാഴ്ച രാവിലെ മുംബൈ ടീം ഹരിയാനയിൽ എത്തേണ്ടിയിരുന്നതാണ്. വേദിമാറ്റിയത് ഇരു ടീമുകളുടെയും യാത്രയെ ബാധിച്ചെന്ന് ഹരിയാന ക്രിക്കറ്റ് അസോസിയേഷൻ വക്താവ് പറഞ്ഞു.
അതിശൈത്യം മൂലം ജമ്മുകാഷ്മീർ കേരളം ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ വേദി ജമ്മുവിൽ നിന്ന് പൂനയിലേക്ക് മാറ്റിയിരുന്നു. വിദർഭ തമിഴ്നാട് പോരാട്ടം നാഗ്പൂരിലും സൗരാഷ്ട്ര ഗുജറാത്ത് മത്സരം രാജ്കോട്ടിലും നടക്കും.