രണ്ടരവയസുകാരിയുടെ മരണം: ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ഡോക്ടര്‍മാര്‍, രണ്ടുദിവസം നിരീക്ഷിക്കും
Wednesday, February 5, 2025 2:10 PM IST
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മാവന് ഹരികുമാറിന് മാനസികപ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം.
കോടതി നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നു പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നു ഹരികുമാര്‍ മൊഴിമാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് റൂറൽ എസ്പി പറഞ്ഞിരുന്നു.
പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും പോലീസ് കോടതിയെയും അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതി മാനസിക പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ നിര്‍ദേശം നൽകിയത്.
ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാജ നിയമന ഉത്തരവ് നൽകി കബളിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായി അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഹരികുമാറിന്റെ സഹോദരിയും ദേവേന്ദുവിന്റെ അമ്മയുമായ ശ്രീതുവിനെ പോലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും.
ബാലരാമപുരം സ്വദേശി ഷിജുവിനെ കബളിപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് ശ്രീതുവിനെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. പത്തോളം പേരിൽ നിന്നും ഇവർ പണം തട്ടിയെടുത്തെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടരുകയാണ്.
കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ശ്രീതുവിന് പങ്കുണ്ടൊയെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. തിരുവനന്തപുരം റൂറൽ എസ്പി. കെ.എസ്. സുദർശനന്റെ നിർദേശാനുസരണം നെയ്യാറ്റിൻകര ഡിവൈഎസ്പി. എസ്.ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.