പാർട്ടിക്കാർ സ്റ്റേഷനിൽ ചെന്നാൽ കൂമ്പിനിടി കിട്ടുന്ന അവസ്ഥ: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം
Wednesday, February 5, 2025 11:59 AM IST
തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരേ രൂക്ഷവിമര്‍ശനം. സിപിഎമ്മാണെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ എത്തിയാല്‍ കൂമ്പിനിടി കിട്ടുന്ന സ്ഥിതിയാണെന്നും ലോക്കല്‍ സെക്രട്ടറി പറഞ്ഞിട്ട് ചെന്നാൽ രണ്ടെണ്ണം കൂടുതല്‍ കിട്ടുമെന്നും പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തി.
പോലീസ് സ്റ്റേഷനുകളില്‍ സിപിഎം നേതാക്കള്‍ വിളിക്കരുതെന്ന അലിഖിത നിയമത്തെത്തുടര്‍ന്ന് പോലീസുകാര്‍ തോന്നുംപടിയാണെന്നും വിമര്‍ശനം ഉയര്‍ന്നു. ഭൂരിഭാഗം കമ്മിറ്റികളും ഉന്നയിച്ച പ്രധാന പ്രശ്നം ഭൂനിയമ ഭേദഗതി ബില്ലിനെ സംബന്ധിച്ചായിരുന്നു.
ഇടുക്കിയെ ഏറ്റവുമധികം ബാധിക്കുന്ന ഭൂനിയമ ഭേദഗതി ബില്ലിന്റെ പേരില്‍ സര്‍ക്കാരും സംസ്ഥാന കമ്മിറ്റിയും ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണെന്നു പ്രതിനിധികൾ കുറ്റപ്പെടുത്തി. വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ വേട്ടയാടുന്ന ഹൈറേഞ്ചിലെ ഒരു സിഐക്കെതിരെയും മറയൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെയും രൂക്ഷവിമര്‍ശനമുയർന്നു.
സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വനം, റവന്യു വകുപ്പുകള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മലയോരമേഖലയിലെ ജനങ്ങള്‍ക്ക് വനംവകുപ്പിന്റെ പ്രവര്‍ത്തികളില്‍ കടുത്ത അതൃപ്തി ഉണ്ട്. വനംവകുപ്പ് പ്രവര്‍ത്തനം മെച്ചപ്പെടുത്തണം, ജനങ്ങളെ വിശ്വാസത്തില്‍ എടുക്കണം.
വനംവകുപ്പിനോടുള്ള അതൃപ്തി സര്‍ക്കാരിനോടുള്ള അതൃപ്തിയായി മാറുന്നു. ഇത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുന്നു. ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി പ്രാവര്‍ത്തികമാക്കാത്തത് ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. കല്ലാര്‍കുട്ടി പ്രദേശത്ത് ഇതുവരെ പട്ടയം നല്‍കാത്തതിലും വിമര്‍ശനം ഉയര്‍ന്നു.
മന്ത്രിമാരായ റോഷി അഗസ്റ്റിന്റെയും എം.ബി. രാജേഷിന്റെയും പ്രവര്‍ത്തനത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. സാധാരണക്കാര്‍ നിരന്തരം ബന്ധപ്പെടുന്ന തദ്ദേശ വകുപ്പിനേക്കാള്‍ മന്ത്രി എം.ബി. രാജേഷ് മറ്റ് വകുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നു പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് നാഥനില്ലാ കളരിയായി മാറി. മന്ത്രി റോഷി അഗസ്റ്റിന് ജില്ലയിലെ പ്രശ്നങ്ങളില്‍ വേണ്ടവിധം ഇടപെടുന്നില്ല. പാര്‍ട്ടിയും സര്‍ക്കാരും പ്രതിരോധത്തിലാകുന്ന വിഷയങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജോയ്സ് ജോര്‍ജിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതാണ് ഇത്രയും വലിയ പരാജയം ഇടുക്കിയിലുണ്ടാകാന് കാരണമെന്നു ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചത് പാര്‍ട്ടിക്ക് പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കുന്നതായും ഇത്തരം പുഴുക്കുത്തുകളെ എടുത്തുകളയണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും. വൈകുന്നേരം അഞ്ചിന് തൊടുപുഴ പഴയ ബസ് സ്റ്റാൻഡ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.