തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു
Wednesday, February 5, 2025 9:24 AM IST
ചെന്നൈ: തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയിലാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ വെള്ളിത്തിരയിൽ തിളങ്ങിയ പുഷ്പലത നൂറിലേറെ സിനിമകളിൽ നായികയായി എത്തി. നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്.
1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ . 1969ൽ തിക്കുറിശി സംവിധാനം ചെയ്ത നേഴ്സിലൂടെയാണ് അവർ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
1999-ൽ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം എന്ന സിനിമയോടെ വെള്ളിത്തിരയിൽ നിന്നു വിടവാങ്ങിയ പുഷ്പലത പിന്നീട് ആത്മീയതയിലും സാമൂഹിക സേവന പ്രവൃത്തികളിലുമാണ് ശേഷിച്ച കാലം ചിലവഴിച്ചത്.