കടക്ക് മുന്നിലെ ചട്ടി മാറ്റണം; പഞ്ചായത്തംഗം കട ഉടമയെ ആക്രമിച്ചു
Sunday, February 2, 2025 4:12 AM IST
തിരുവനന്തപുരം: പൂച്ചെടികൾ വിൽക്കുന്ന കടയുടെ മുന്നിൽ വച്ചിരിക്കുന്ന ചട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം കട ഉടമയെ ആക്രമിച്ചതായി പരാതി. തിരുവനന്തപുരം വട്ടപ്പാറയിലാണ് ബിജെപി പഞ്ചായത്തംഗം ബിനു അതിക്രമം നടത്തിയത്.
വട്ടപ്പാറ വേറ്റിനാട് മണ്ഡപം ജംഗ്ഷനിലെ ഏദൻ നഴ്സറിക്ക് നേരെയാണ് വേറ്റിനാട് വാർഡ് മെമ്പർ ബിനുവിന്റെ അതിക്രമം. ചെടിച്ചട്ടികൾ കൊണ്ട് ആർക്കും തടസമില്ലെന്ന് കട ഉടമയായ കനകരസി പറഞ്ഞെങ്കിലും ബിനു അംഗീകരിച്ചില്ല.
തുടർന്ന് ചെടി ചട്ടികൾ കടയ്ക്കുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇത് തടയാൻ ചെന്ന കനകരസിയെ പിടിച്ചു തള്ളുകയും മർദിക്കുകയും ചെയ്തെന്ന് പരാതിയിൽ പറഞ്ഞു. വട്ടപ്പാറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.