വിദ്യാർഥിയുടെ ഭീഷണി വീഡിയോ: റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി, ഇടപെടലുമായി ബാലാവകാശ കമ്മീഷൻ
Wednesday, January 22, 2025 3:03 PM IST
പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചുവച്ചതിന് വിദ്യാര്‍ഥി അധ്യാപകനു നേരെ കൊലവിളി നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതിലും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്കാന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ സ്കൂള്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടി. എന്തിനാണ് വീഡിയോ എടുത്തത്?, എങ്ങനെയാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കാൻ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയം പരിശോധിക്കുന്നുണ്ട്. പുറത്തുവന്ന വീഡിയോയും അത് എങ്ങനെ പുറത്തുവന്നുവെന്ന കാര്യവും കമ്മീഷൻ പരിശോധിക്കും. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥിക്ക് കൗൺസിലിംഗ് നടത്തും. ഫെബ്രുവരി ആറിന് സ്കൂളിൽ സന്ദർശനം നടത്തുമെന്നും ബാലവകാശ കമ്മീഷൻ അറിയിച്ചു.
വിദ്യാർഥിയെ കഴിഞ്ഞ ദിവസം സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. നടപടിയെക്കുറിച്ച് ചർച്ച ചെയ്യാൻ സ്കൂളിലെ അധ്യാപക രക്ഷകർതൃ സമിതി ഇന്ന് അടിയന്തര യോഗം വിളിച്ചുചേർന്നിരുന്നു.