അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: ആഷിഖ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ
Wednesday, January 22, 2025 2:39 PM IST
കോഴിക്കോട്: താമരശേരി പുതുപ്പാടിയിൽ അമ്മയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൻ ആഷിഖിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് നടപടി.
പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകാനിരിക്കെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ആഷിഖിന്റെ മാനസികാരോഗ്യം പരിശോധിച്ച ശേഷം വ്യാഴാഴ്ച പ്രതിയുമായി തെളിവെടുപ്പ് നടത്തിയേക്കും.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയസംഭവമുണ്ടായത്. അതിക്രൂരമായാണ് താമരശേരി ചോഴിയോട് സുബൈദയെ മകൻ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്. തനിക്ക് ജന്മം നല്കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. കൊലപാതക സമയത്തും ആഷിഖ് ലഹരി ഉപയോഗിച്ചിരുന്നു.
സുബൈദയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവന്നിരുന്നു. സുബൈദയ്ക്ക് 17 വെട്ടുകളാണ് ഏറ്റത്. അതില്‍ ഏറെയും തലയ്ക്കും കഴുത്തിനുമാണെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
ആളുകള്‍ ഓടിക്കൂടി സുബൈദയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ അവരുടെ കഴുത്ത് ഏറെക്കുറെ അറ്റുപോയ നിലയിലായിരുന്നു. ആക്രമണത്തിനു ശേഷം വീടിനുള്ളില്‍ ഒളിച്ചിരുന്ന ആഷിഖിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വീട്ടിലെ ഡൈനിംഗ് ഹാളില്‍ മാതാവിനെ കഴുത്തറുത്തു കൊന്ന ശേഷം രക്തംപുരണ്ട കൈയുമായി ആഷിഖ് നില്‍ക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. തേങ്ങ പൊളിക്കാനാണെന്നു പറഞ്ഞ് മുഹമ്മദ് ആഷിഖ് അടുത്ത വീട്ടില്‍നിന്നു വാങ്ങിയ കൊടുവാള് ഉപയോഗിച്ചാണു കൊലപാതകം നടത്തിയത്.