കൊലപാതക രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
Saturday, December 28, 2024 5:32 PM IST
കോട്ടയം: പെരിയ ഇരട്ടക്കൊലപാതകം സിപിഎം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്ന് തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല. മുന്‍ ഉദുമ എംഎല്‍എ കെ.വി.കുഞ്ഞിരാമന് അടക്കമുള്ളവര്‍ പ്രതികളാണെന്ന കോടതിയുടെ കണ്ടെത്തല്‍ ഇതിനു തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഹീനമായ കൊലപാതക രാഷ്ട്രീയത്തിനുള്ള കനത്ത തിരിച്ചടിയാണ് ഈ കോടതി വിധി. പത്തുപേരെ വെറുതെ വിട്ട വിധിക്കെതിരെ കുടുംബവുമായി ആലോചിച്ചു അപ്പീല്‍ പോകും. നാടിനും നാട്ടുകാര്‍ക്കും പ്രിയങ്കരരായിരുന്ന രണ്ടു ചെറുപ്പക്കാരെ മൃഗീയമായി കൊലപ്പെടുത്തിയിട്ട് സിപിഎം എന്താണ് നേടിയത്.
ഈ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയമായി. സിപിഎം രാഷ്ട്രീയം ഇപ്പോള്‍ അറവുശാലയുടെ രാഷ്ട്രീയമാണ്. രാഷ്ട്രീയമായി എതിരിടാന്‍ ശേഷിയില്ലാത്തവരെ കായികമായി നേരിട്ട് അവരെ മൃഗീയമായി കൊലപ്പെടുന്ന രാഷ്ട്രീയം എത്രയോ കാലമായി സിപിഎം തുടരുന്നു.
ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ മണ്ണില്‍ വീഴുന്ന ചോരയ്ക്ക് ജനത പകരം ചോദിക്കുന്ന കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.