ജനുവരി 26 അംബേദ്കര്‍ ദിനമായി ആചരിക്കും: കെ.സുധാകരന്
Friday, December 20, 2024 11:00 PM IST
കണ്ണൂർ: ഡോ.ബി.ആര്.അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലാകമാനം അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. റിപ്പബ്ലിക് ദിനത്തില്‍ ഭരണഘടനയുടെ പ്രാധാന്യം ഉയര്‍ത്തിപിടിച്ച് ജയ് ഭീം അംബേദ്കര്‍ സമ്മേളനം സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനയക്കെതിരെ തലശേരി ടൗണില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പ്രസംഗിക്കുകയായിരുന്നു കെ.സുധാകരന്. അംബേദ്കറുടെ സംഭാവനകളെ തമസ്കരിച്ചു ചരിത്രം വളച്ചൊടിക്കാന്‍ അമിത് ഷായും ബിജെപിയും ശ്രമിക്കുകയാണ്.
അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയേയും കൈയേറ്റം ചെയ്തത് ബിജെപി എംപിമാരാണ്. അതിനുശേഷം ബിജെപി എംപിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി കൊടുത്തു.
രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനാണ് കുറെ കാലങ്ങളായി ബിജെപി ശ്രമിക്കുന്നത്. അങ്ങനെ ബിജെപി ശ്രമിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല രാഹുല്‍ ഗാന്ധിയെന്നും കെ.സുധാകരന് പറഞ്ഞു.