മൂന്നുദിവസത്തെ കുതിപ്പിനു ശേഷം വിശ്രമിച്ച് സ്വർണവില; 58,000ന് മുകളില്‍ തന്നെ
Thursday, December 12, 2024 10:37 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നുദിവസത്തെ കുതിപ്പിനു ശേഷം വിശ്രമിച്ച് സ്വർണവില. ഒരു പവന് സ്വര്‍ണത്തിന് 58,280 രൂപയിലും ഗ്രാമിന് 7,285 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,015 രൂപയും പവന് 48,120 രൂപയുമാണ്.
തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്ച 600 രൂപയും ബുധനാഴ്ച 640 രൂപയും വർധിച്ച ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. മൂന്നു ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ ഉണ്ടായത് 1,360 രൂപയുടെ വര്‍ധനയാണ്. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.
നിലവിൽ ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2,708 ഡോളർ എന്ന നിരക്കിലാണ്. കഴിഞ്ഞ ദിവസം വ്യാപാരം പുരോഗമിക്കവെ വില 2721 വരെ കുതിച്ച ശേഷം താഴുകയായിരുന്നു.
സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ - യുക്രെയ്ന് സംഘര്‍ഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് അന്താരാഷ്ട്ര തലത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്.
അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 101 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.